Society Today
Breaking News

കൊച്ചി:ശ്രീലങ്കന്‍ ടൂറിസം ഇന്ത്യയില്‍ ത്രീ സിറ്റി റോഡ്‌ഷോ പരമ്പരയുടെ ഭാഗമായി സംഘടിപ്പിച്ച ടൂറിസം മേള കൊച്ചി ലെ  മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. ശ്രീലങ്കന്‍ ടൂറിസം മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ മുഖ്യാതിഥിയായി.ഇന്ത്യയുമായുള്ള സാംസ്‌കാരിക, വിനോദ സഞ്ചാര, ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്  ശ്രീലങ്കന്‍ ടൂറിസം ഇന്ത്യയുടെ പ്രധാന നാഗരങ്ങളില്‍  റോഡ് ഷോ സംഘടിപ്പിക്കുന്നതെന്ന്  ഹരിന്‍ ഫെര്‍ണാണ്ടോ  പറഞ്ഞു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അവസാന മൂന്ന് മാസങ്ങളില്‍ മാത്രം പ്രതിദിനം 8000 വിനോദസഞ്ചാരികള്‍ ശ്രീലങ്കയില്‍ എത്തിയത് വഴി ഏകദേശം 530 മില്യണ്‍ യുഎസ് ഡോളര്‍ വരുമാനമുണ്ടായി. 2018 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്ത്യ യില്‍ നിന്ന്  ശ്രീലങ്കയിലേക്കുള്ള വിനോദസഞ്ചാരികള്‍  2023ഓടെ  ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.  ശ്രീലങ്കയെ കുറിച്ചും അതിന്റെ പ്രകൃതി ഭംഗി, സാംസ്‌കാരിക  വൈവിധ്യം,  ആകര്‍ഷണങ്ങള്‍, യാത്രാ അവസരങ്ങള്‍ എന്നിവയെകുറിച്ച് കൃത്യമായ ധാരണ  സൃഷ്ടിക്കുകയാണ്  റോഡ്‌ഷോകളുടെ ലക്ഷ്യമെന്ന്  അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഔട്ട്ബൗണ്ട് മാര്‍ക്കറ്റിനെ ശ്രീലങ്ക ഏറെ  വിലമതിക്കുന്നു, ശ്രീലങ്കയുടെ  2500 വര്‍ഷത്തെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം കൂടാതെ വിനോദ സഞ്ചാര സ്ഥലങ്ങള്‍, തീര്‍ത്ഥാടന യാത്രക്കായി രാമായണ സര്‍ക്യൂട്ട്,ബീച്ചുകള്‍ ഷോപ്പിംഗ്, പാചകം  ഭക്ഷണം , സാഹസികത, വന്യജീവികള്‍, ശ്രീലങ്കന്‍ ഉല്പന്നങ്ങള്‍ എന്നിവയുടെ  വിസ്മയകരമായ നിര തന്നെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ശ്രീലങ്കന്‍ ട്രാവല്‍ട്രേഡ് പങ്കാളികളുമായി ബന്ധപ്പെടാന്‍ ഹോട്ടലുകളെയും റിസോര്‍ട്ടുകളെയും ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനികളെയും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെയും പ്രതിനിധി സംഘമാണ് ഇവിടെ എത്തിയിട്ടുള്ളതെന്ന്  ശ്രീലങ്കന്‍ ടൂറിസം പ്രൊമോഷന്‍ ബ്യൂറോ ചെയര്‍മാന്‍ ചാലക ഗജബാഹു  പറഞ്ഞു. മീറ്റിംഗുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും  വേണ്ടിയുള്ള സുപ്രധാന  മൈസ് ടൂറിസം കേന്ദ്രമാണ്  ശ്രീലങ്കയെന്ന് കണ്‍വെന്‍ഷന്‍ ബ്യൂറോ ചെയര്‍മാന്‍ തിസും ജയസൂര്യ പറഞ്ഞു.  മികച്ച കണക്റ്റിവിറ്റിയും,   ചെലവ് കുറവും ആകര്‍ഷകമായ സ്ഥലങ്ങളും  ശ്രീലങ്കയുടെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു

.ശ്രീലങ്ക ടൂറിസം പ്രൊമോഷന്‍ ബ്യൂറോ ചെയര്‍മാന്‍ ചാലക ഗജബാഹു, ശ്രീലങ്ക കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ തിസും ജയസൂര്യ, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. 30 ശ്രീലങ്കന്‍ ട്രാവല്‍ ഏജന്‍സികളുടെയും ഹോട്ടലുകളുമുള്‍പ്പെട്ട  പ്രതിനിധി സംഘമാണ് മേളയില്‍ പങ്കെടുക്കാന്‍ എത്തിയത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി വ്യാപാര വ്യവസായ പ്രമുഖരും, ട്രേഡ് അസോസിയേഷനുകളും, ടൂര്‍ ഓപ്പറേറ്റര്‍മാരും, കോര്‍പ്പറേറ്റുകളും  ബി.ടു. ബി സെഷനുകളില്‍  സംബന്ധിച്ചു. ബിസിനസ്സ് പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായി ഈവിനിങ്ങ് നെറ്റ് വര്‍ക്കിങ് ഇവന്റും നടന്നു. ശ്രീലങ്കയുടെ സമ്പന്നമായ  കലാ പൈതൃകം പ്രദര്‍ശിപ്പിക്കുന്ന ശ്രീലങ്കന്‍ നൃത്ത പരിപാടികള്‍ ഷോയുടെ മുഖ്യാകര്‍ഷണമായി.  ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഇന്‍ഡിഗോയും ഉള്‍പ്പെടെ നിരവധി ടൂറിസം വ്യവസായ പങ്കാളികളുടെ പിന്തുണയോടെയാണ് മേള നടന്നത്. ഏപ്രില്‍ 24 ന്  ചെന്നയിലായിരുന്നു ആദ്യ റോഡ് ഷോ.  കൊച്ചിക്ക് ശേഷം  ഏപ്രില്‍ 28 ന് ബാംഗ്ലൂരില്‍ റോഡ് ഷോ നടക്കുമെന്ന്  സംഘാടകര്‍ അറിയിച്ചു.

Top